Wednesday, September 5, 2007

ഓര്‍മ അധ്യായം ഒന്ന്

എന്‍റെ ഓര്‍മകള്‍ക്ക് എപ്പോഴും കുഴപ്പങ്ങളുണ്ട്. ഒന്നും മുഴുവനായി ഓര്‍ക്കാന്‍ പറ്റാറില്ലെനിക്ക്. ആദ്യകുര്‍ബാന കൈക്കൊള്ളപ്പാടിന് വീട്ടില്‍നിന്ന് അപ്പച്ചനും അമ്മയ്ക്കമൊപ്പം പോകുംവഴിയുണ്ടായ അപകടം മാത്രം ഞാനിപ്പോഴും കൃത്യമായി ഓര്‍ക്കുന്നുണ്ട്.
വീട്ടില്‍നിന്നിറങ്ങി അധികം വൈകും മുന്‍പേ ആക്സിഡന്‍റുണ്ടായി. ഞങ്ങളുടെ കാറില്‍ എതിരെ വന്ന ലോറിയിടിച്ചു. ലോറിയാണിടിച്ചതെന്നും മറ്റും പിന്നീടാണറിയുന്നത്. ഒരു നിമിഷം എന്തോ വന്നിടിക്കുന്നതു കണ്ടു. വല്യൊരു ശബ്ദം കേട്ടു. പിന്നെയൊന്നും എനിക്കോര്‍മയില്ല. ഓര്‍മ വന്നപ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്. നെറ്റിയില്‍ മുറിവുണ്ട്. നല്ല വേദന. എന്‍റെ വെള്ളക്കുപ്പായം മുഴുവന്‍ ചെളിയും കരിയും പിന്നെ അല്‍പം ചോരയുമൊക്കെ പറ്റിയിരുന്നു. അപ്പച്ചനു നല്ല പരുക്കുണ്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് അപ്പച്ചന്‍ വീട്ടില്‍ വന്നത്. ആശുപത്രിയില്‍ എന്നെ പിന്നീടു കൊണ്ടുപോയില്ല. അമ്മയ്ക്കും എനിക്കും നിസ്സാര പരുക്കേ ഉണ്ടായിരുനന്നുള്ളൂ. ആദ്യകുര്‍ബാന എല്ലാവര്‍ക്കുമൊപ്പം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് എന്‍േറുമാത്രമായി ഒറ്റയ്ക്കായിരുന്നു കുര്‍ബാന സ്വീകരണം. അഥുപക്ഷേ ഓര്‍മയിലില്‍ ഇല്ല!അന്നത്തെ അപകടത്തിനു ശേഷം ആ കാറു വിറ്റു. പിന്നീട് വേറെ ഒരെണ്ണം വാങ്ങി. അതു വില്‍ക്കുന്നതിനു മുന്‍പായിരുന്നു എന്നെ ‍ഡ്രൈവിങ് പഠിപ്പിക്കാന്‍ തീരുമാനിച്ചത്. ഗിയര്‍, ആക്സിലേറ്റര്‍ തുടങ്ങി അവിടെയുമിവിടെയുമായി എന്തൊക്കോയൊ ഒരുപാടു സാധനങ്ങല്‍. എനിക്കു വലിയ പിടിത്തമില്ല ഇപ്പോഴും. അപ്പച്ചനാണു പഠിപ്പിച്ചത്. ഒരുവിധം വണ്ടിയോടിച്ചു വരികയാണ്. അപ്പച്ചന്‍ എന്‍റെ ഇടതുസൈഡില്‍. പണ്ട് അപകടത്തില്‍പ്പെട്ട അതേ സ്ഥലമെത്തിയപ്പോള്‍ എനിക്കു കൈകാലുകള്‍ വിറച്ചു. ഞാനത് അപ്പച്ചനോടു പറഞ്ഞു.
അതൊക്കെ മറന്നു നീ വണ്ടിയോടിക്ക് എന്ന് അപ്പച്ചന്‍ പറഞ്ഞ് അടുത്ത നിമിഷം എതിരെ ഒരു ചെറിയ ലോറി വരുന്നതാണു കണ്ടത്. എന്‍റെ മനസ്സിലേക്ക് പഴയ അപകടത്തിന്‍റെ ഓര്‍മയെത്തി. കണ്ണിലിരുട്ടു കയറിയ പോലെ. ഞാന്‍ രണ്ടു കൈയും കൊണ്ടു കണ്ണുപൊത്തി ഒറ്റക്കരച്ചില്‍.
പിന്നെ എന്താണു സംഭവിച്ചത് എന്നെനിക്കറിയില്ല. അപകടമുണ്ടാവാതെ അപ്പച്ചന്‍ എങ്ങനെയോ വണ്ടി നിര്‍ത്തി. വീട്ടില്‍ അതു വലിയ സംസാരവിഷയമായി. പിന്നീട് എന്നെ ഡ്രൈവിങ് പഠിപ്പിക്കാന്‍ ആരും തുനിഞ്ഞിട്ടില്ല.