Friday, October 31, 2008

കൈവിഷം

സ്മൃതിയിലും മൃതിയിലും
തിഥിയിലും ഗതിയിലും
നീയെനിക്കുദുര്‍മരണം വിധിച്ചു!!!

ചിരിയിലും തനിത്തങ്കച്ചതിയിലും,
പകലിലും ഇരവിലും
നീയെന്നെക്കുറിച്ചു
കരിപിടിച്ച കളവു ചൊന്നു!!!

ഉന്മാദഗതിയിലും
ഇൌ മുറിഞ്ഞ കരളിലും
ഒരിക്കലും തുറക്കാത്തൊരീ
കൊച്ചു മിടിപ്പു പേടകത്തിലും
ഞാന്‍ മാത്രം,
നിന്റെ പേരെഴുതി വച്ചു!!!

ഒടുവില്‍,
കഥയിലും കാര്യത്തിലും
കവിതയിലും കണ്ണീരിലും
നീയെനിക്കു കൈവിഷംതന്നു!!!

Thursday, October 16, 2008

വേനല്‍മഴ പറയാന്‍ ബാക്കിവച്ചത്...!

കഴിഞ്ഞ വേനല്‍മഴയില്‍ കൊഴിഞ്ഞുവീണു
മരിച്ച പൂവിന്‍റെ ശവദാഹത്തിനാണ്
ഒടുവില്‍ നാം കണ്ടു പിരിഞ്ഞത്.
ഓര്‍മയില്‍ വയ്ക്കാന്‍ ഒരു ചിരിയുടെ
സുഗന്ധം പോലും നല്‍കാതെ നീ
നടന്നു മറഞ്ഞപ്പോള്‍, പലവട്ടം തിരിഞ്ഞു
നോക്കി നിരാശയാവാനായിരുന്നു എന്‍റെ വിധി!

നിന്‍റെയൊപ്പം നടന്നുപോയ
പാഴ്ക്കിനാവുകളെ
നമ്മളൊരുമിച്ചിരുന്നു കഥയുടെ
പട്ടംകെട്ടിയ നടുമുറ്റത്തു
വാരിയിട്ടിട്ടുണ്ടു ഞാന്‍...!
എന്നെങ്കിലുമൊരിക്കല്‍ നീ
അതുവഴി വരണം.
ഖിന്നനും വിരഹിയുമാവാതെ,
തലയുയര്‍ത്തിപ്പിടിച്ചു, ചിരിച്ചു
നീ വരണം.

ഇസ്തിരിയിടാനെടുത്ത കാന്തന്‍റെ
ഷര്‍ട്ടിലെ കറമാറായത്തതില്‍
പരിഭവിച്ച്,
ചോറ്റുപാത്രം നിറയെ കെട്ടിക്കൊടുത്ത
നല്ലരിച്ചോറ് ഉണ്ണി ബാക്കിവയ്ക്കരുതെന്നു
പ്രാര്‍ഥിച്ച്,
ചായ്പില്‍ അടയിരിക്കുന്ന തള്ളക്കോഴി
എന്നു പൊരുന്ന നിര്‍ത്തുമെന്നു
മനക്കണ്ണില്‍ കണക്കെഴുതിക്കൂട്ടി
അടുപ്പത്തു തിളയ്ക്കുന്ന ചോറിന്‍റെ
വേവിനു ചെവി കൂര്‍പ്പിച്ച്
ഞാനിവിടെയുണ്ടാവും!!

വലതു കാല്‍ വച്ചു നീ വന്നു
കയറുമ്പോള്‍ പഴയപടി
ഞാനോടി വരില്ല.
നിന്‍റെ ചുമലടയാളമിട്ട
പഴയ തൂണിന്‍മേല്‍
എന്‍റെ ഉയരത്തിന്
അളവെടുക്കാന്‍
കാത്തുനില്‍ക്കുകയുമില്ല.
ഒരിക്കല്‍ നീ വേണ്ടെന്നു
വച്ചത് പിന്നെയിവിടെ തിരയരുത്.
പടിക്കെട്ടിലെ നിഴലില്‍
എന്നെ കാണുമ്പോളൊരിക്കലും നീ
പഴയ കാമുകിയെന്നോര്‍ത്തു
ചിരിക്കരുത്!!!

Monday, October 6, 2008

നീ.....!

ഒറ്റവരിപ്പാട്ടിലൊരു
കഥയുടെ കനകം
പൊതിഞ്ഞു വച്ചവള്‍ നീ
കരളില്‍ കലങ്ങുന്ന
കദനപ്പുഴയില്‍നിന്നൊ-
രുതുള്ളിയെടുത്തു
പനീനീരാക്കിമടക്കി
നല്‍കിയവള്‍ നീ
പനിപിടിച്ച രാവുകളിലെ
വിരഹത്തിന്‍ കൊടുംചൂടിന്
ഉദകം പകര്‍ന്നുദിച്ച
ഉണ്‍മയാണുയിരാണു നീ

ഉംബായി പാടുന്നത്....

ഇനിയീ ഞരമ്പുകള്‍ക്കാവില്ല
രാഗത്തിന്‍ ഇടയഗീതങ്ങള്‍
രചിക്കാനെന്നുംബായി പാടുന്നു
ഹാര്‍മോണിയം മീട്ടും വിരലുകളില്‍‍
പുകയിലക്കറ പാടും ചൊടികളില്‍
സ്വരസ്പന്ദന സ്ഥായീഭാവങ്ങളില്‍
ആദിരൂപകാന്ത താളക്രമങ്ങളില്‍
ഗസലുകളില്‍, സംഗീതസന്ധ്യകളില്‍
പടരുകയാണാ സ്വരമെന്നിലും
ഉള്ളില്‍ പിടയ്ക്കുന്ന ഞരമ്പുകള്‍ക്കറിയുമോ
മുള്ളില്‍ പിടയുന്ന ഹൃദയഭാരം???

നാലുകവിതകള്‍ (എംപി3)

ഒന്ന്

ഓര്‍മകളിലൊഴുക്കുള്ളൊരു പുഴയാണു നീ,
പരിചയത്തിന്‍ സ്വര്‍ണമീനുകളിളകും
കണ്ണിണകളില്‍ നോക്കിയതിന്നാഴമറിയാതെ
കരയില്‍ നില്‍ക്കാനാണെനിക്കിഷ്ടം..!

രണ്ട്

അകലെനിന്നു നോക്കിയപ്പോള്‍
ശാന്തസ്വച്ഛന്ദമെന്നു തോന്നി,
അടുത്തെത്തിയപ്പോള്‍
ചുഴിമലരികളുടെ രൗദ്രം.
കടലാണു നല്ലത്.
മുങ്ങിമരിച്ചേക്കാം,
പിടിച്ചുവലിച്ചു
മുക്കിക്കൊല്ലില്ലല്ലോ...!!

മൂന്ന്

എല്ലാമിപ്പോള്‍ എംപി 3
ഫോര്‍മാറ്റിലാണ്.
ചവിട്ടിക്കുത്തി നിറച്ചുനിരപ്പാക്കിയത്
ഉള്ളം കയ്യില്‍ ആനയെ കിടത്താം,
നിത്യാഭ്യാസി വരെ ഞെട്ടും!!!


നാല്
മുകളിലെഴുതിയതു മൂന്നും
കവിതകളാണെന്നു ധരിച്ചവര്‍ക്കു
മാപ്പ്. എനിക്കു വട്ടാണ്,
നാലാമത് എഴുതിയ ഇതു
മാത്രമാണു കവിത, സത്യം!!!