Thursday, October 16, 2008

വേനല്‍മഴ പറയാന്‍ ബാക്കിവച്ചത്...!

കഴിഞ്ഞ വേനല്‍മഴയില്‍ കൊഴിഞ്ഞുവീണു
മരിച്ച പൂവിന്‍റെ ശവദാഹത്തിനാണ്
ഒടുവില്‍ നാം കണ്ടു പിരിഞ്ഞത്.
ഓര്‍മയില്‍ വയ്ക്കാന്‍ ഒരു ചിരിയുടെ
സുഗന്ധം പോലും നല്‍കാതെ നീ
നടന്നു മറഞ്ഞപ്പോള്‍, പലവട്ടം തിരിഞ്ഞു
നോക്കി നിരാശയാവാനായിരുന്നു എന്‍റെ വിധി!

നിന്‍റെയൊപ്പം നടന്നുപോയ
പാഴ്ക്കിനാവുകളെ
നമ്മളൊരുമിച്ചിരുന്നു കഥയുടെ
പട്ടംകെട്ടിയ നടുമുറ്റത്തു
വാരിയിട്ടിട്ടുണ്ടു ഞാന്‍...!
എന്നെങ്കിലുമൊരിക്കല്‍ നീ
അതുവഴി വരണം.
ഖിന്നനും വിരഹിയുമാവാതെ,
തലയുയര്‍ത്തിപ്പിടിച്ചു, ചിരിച്ചു
നീ വരണം.

ഇസ്തിരിയിടാനെടുത്ത കാന്തന്‍റെ
ഷര്‍ട്ടിലെ കറമാറായത്തതില്‍
പരിഭവിച്ച്,
ചോറ്റുപാത്രം നിറയെ കെട്ടിക്കൊടുത്ത
നല്ലരിച്ചോറ് ഉണ്ണി ബാക്കിവയ്ക്കരുതെന്നു
പ്രാര്‍ഥിച്ച്,
ചായ്പില്‍ അടയിരിക്കുന്ന തള്ളക്കോഴി
എന്നു പൊരുന്ന നിര്‍ത്തുമെന്നു
മനക്കണ്ണില്‍ കണക്കെഴുതിക്കൂട്ടി
അടുപ്പത്തു തിളയ്ക്കുന്ന ചോറിന്‍റെ
വേവിനു ചെവി കൂര്‍പ്പിച്ച്
ഞാനിവിടെയുണ്ടാവും!!

വലതു കാല്‍ വച്ചു നീ വന്നു
കയറുമ്പോള്‍ പഴയപടി
ഞാനോടി വരില്ല.
നിന്‍റെ ചുമലടയാളമിട്ട
പഴയ തൂണിന്‍മേല്‍
എന്‍റെ ഉയരത്തിന്
അളവെടുക്കാന്‍
കാത്തുനില്‍ക്കുകയുമില്ല.
ഒരിക്കല്‍ നീ വേണ്ടെന്നു
വച്ചത് പിന്നെയിവിടെ തിരയരുത്.
പടിക്കെട്ടിലെ നിഴലില്‍
എന്നെ കാണുമ്പോളൊരിക്കലും നീ
പഴയ കാമുകിയെന്നോര്‍ത്തു
ചിരിക്കരുത്!!!

16 comments:

നിഷ said...

എനിക്കു കരയണമെന്നു തോന്നിയപ്പോഴൊക്കെ ഞാന്‍ ഒരു കവിതയെഴുതി. അതിലൊന്ന്

ശ്രീവല്ലഭന്‍. said...

വളരെ ഇഷ്ടപ്പെട്ടു കവിത. പല വരികളും ചെറിയ നോവ്‌ സമ്മാനിക്കുന്നു. തുടര്‍ന്നും എഴുതുക.

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌...മനസ്സില്‍നിന്നും പടിയിറക്കിവിട്ടുവെന്നു വെറുതെ വ്യാമോഹിച്ച്‌ അകത്തളങ്ങളിലെവിടെയോ പൂട്ടിയിട്ടിരിയ്ക്കുന്ന ഓര്‍മ്മകളുടെ ഭണ്‌ഡാരം അറിയാതെ തുറന്നുപോകുന്നു....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹാ, നല്ല വരികള്‍

ഈ വഴി വരാന്‍ വൈകി,
സമയമില്ല..പഴയ പോസ്റ്റുകള്‍ നോക്കട്ടെ.

Chullanz said...

എങ്ങോ ഒരു കൊളുത്ത്‌ കുത്തിതറക്കുന്നുവോ.. രക്തം കിനിയുന്നുവോ.......

രഘുനാഥന്‍ said...

കൊള്ളാം നിഷ ...നല്ല കവിത

siva // ശിവ said...

ഇനിയും വേനല്‍ മഴകളും...എന്നൊക്കെ കൊഴിയാന്‍ പൂവുകളും ഉണ്ടാകും...സുന്ദരം ഈ വരികള്‍...

Linesh Narayanan said...

:)

ചിരിപ്പൂക്കള്‍ said...

നിഷാ,
ഈ വരികള്‍ ഹ്രുദയത്തില്‍ തൊടുന്നു.

“ഓര്‍മയില്‍ വയ്ക്കാന്‍ ഒരു ചിരിയുടെ
സുഗന്ധം പോലും നല്‍കാതെ നീ
നടന്നു മറഞ്ഞപ്പോള്‍, പലവട്ടം തിരിഞ്ഞു
നോക്കി നിരാശയാവാനായിരുന്നു എന്‍റെ വിധി. (നൊമ്പരപ്പെടുത്തി.)

എങ്കിലും-
നിരാശയ്ക്കുള്ളിലും എവിടേയൊ മായാതെകിടക്കുന്ന ഒരുകുഞ്ഞു പ്രത്യാശ മനസില്‍എവിടെയൊ സൂക്ഷിക്കുന്നു ഇന്നും. അല്ലെ?

മനോഹരമായ വരികള്‍.
ആശംസകളൊടെ.

ഉപാസന || Upasana said...

Nice Madam Nice
:-)
Upasana

smitha adharsh said...

നല്ല വരികള്‍..ഇഷ്ടപ്പെട്ടു..

നഗ്നന്‍ said...

കാപട്യത്തിന്റെ
ഒരു വലിയ
മലയാളിമുഖം കൂടി....

ഓടിവന്നൊളിഞ്ഞു
നോക്കനാണാഗ്രഹമെങ്കിലും,
'ഞാനോടിവരില്ല'യെന്നേ
ഈ മലയാളിമങ്കകള്‍ മൊഴിയൂ...

'പഴയ കാമുകിയെന്നോര്‍ത്തു
ചിരിക്കരുതെ'ന്ന്
വിലക്കുമ്പോഴും,
ഒരു ചെറുപുഞ്ചിരിയെങ്കിലും
നീട്ടമായിരുന്നെന്ന്
തപസ്സനുഷ്ഠിയ്ക്കുമീ,
പരിശുദ്ധമാനസികള്‍....

www.nagnan.blogspot.com

വരവൂരാൻ said...

എന്നെ കാണുമ്പോളൊരിക്കലും നീ
പഴയ കാമുകനെന്നോർത്തു
കരയുകയുമരുതു..
ആശംസകൾ

Unknown said...
This comment has been removed by the author.
സുല്‍ |Sul said...

നന്നായിരിക്കുന്നു.
ഇഷ്ടപ്പെട്ട വരികള്‍.

-സുല്‍

Unknown said...

u reveals the inside of a woman beautifully